
വടകര: നഗര പരിധിയില്‍ മാക്കൂല്‍ പീടികയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ ശക്തമായ നീരൊഴുക്ക്. കുഴി 20 കോല് പിന്നിട്ടപ്പോഴാണ്
പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്.
കുറ്റിക്കാട് മലപ്പറമ്പത്ത് സ്വകാര്യ വ്യക്തി നിര്‍മിക്കുന്ന കിണറിലാണ് ഇത്തരമൊരു പ്രതിഭാസം. ശക്തമായ കുത്തൊഴുക്ക് ഉണ്ടായതോടെ തൊഴിലാളികള്‍ നിര്‍മാണ പ്രവൃത്തി നിര്‍ത്തി. കിണറിലെ വെള്ളം എടുത്ത് പരിശോധിച്ചപ്പോള്‍ ഉപ്പും ബ്ലീച്ചിങ്ങ് പൗഡറും കലര്‍ന്നതാണെന്ന് മനസ്സിലായെങ്കിലും ഇതിന്റെ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. സമീപത്തുള്ള ജല അതോറിറ്റിയുടെ ഏതെങ്കിലും പൈപ്പ് പൊട്ടി വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയതാണോയെന്നു സംശയമുണ്ട്. പരിസരത്തെ വീടുകളിലെ കിണറുകളിലും നല്ല
രീതിയില്‍ വെള്ളമുണ്ട്. ഇവിടങ്ങളിലും ഉപ്പും ബ്ലീച്ചും കലര്‍ന്ന വെള്ളമാണ് കിണറില്‍ നിന്നു ലഭ്യമാകുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും ഇതേവരെ കാര്യങ്ങള്‍ മനസിലായിട്ടില്ല. അതേ സമയം ജല അതോറിറ്റിയുടെ പമ്പിങ്ങ് നിര്‍ത്തുമ്പോള്‍ ഒഴുക്ക് നിലക്കുന്ന അവസ്ഥയിലുമാണ്. ഈയൊരു സാഹചര്യത്തില്‍ ഇതിന്റെ നിജസ്ഥിതിയറിയാന്‍ വാര്‍ഡ് കൗണ്‍സിലര്‍ എം. മുഹമ്മദലി, ജാഗ്രത പൊതുമുതല്‍ സംരക്ഷണ സമിതി ഭാരവാഹി പ്രദീപന് എന്നിവര്‍ ജല അതോറിറ്റി അധികൃതരെ സമീപിച്ചിരിക്കുകയാണ്.
















