കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ കറന്റ് പോയ സംഭവത്തില്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ ഡിവിഷനിലെ സബ് എന്‍ജിനീയര്‍ പി.വി.സതീഷ് ബാബുവിനെ
സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടായി എന്ന് സംശയിക്കുന്നതായി പരിപാടിയില്‍ അധ്യക്ഷനായിരുന്ന കണ്ണൂര്‍ എംഎല്‍എ ടി.എം.മോഹനന് കെഎസ്ഇബി ചെയര്മാന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയറാണ് നടപടി സ്വീകരിച്ചത്.
മന്ത്രിയുടെ പരിപാടിയില്‍ കറന്റ് കട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കറന്റ് പോകുന്നതിനു മുന്‍പ് എസ്എംഎസ് അയക്കാനുള്ള സംവിധാനമുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് വന്നില്ല. ഇതിനു മുന്‍പും മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിച്ചതായും പരാതിയില്‍ ആക്ഷേപമുണ്ട്.
ശനിയാഴ്ച രാവിലെ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയില്‍ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. മന്ത്രി വേദിയിലെത്തിയ ശേഷമാണ് കറന്റ് പോയത്. സ്വാഗത പ്രസംഗം മൈക്കില്ലാതെ നടത്തുകയും പിന്നീട് ജനറേറ്റര്‍ എത്തിച്ച് പരിപാടി തുടരുകയും ചെയ്തു.















