മണിയൂര്‍: കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം അനിശ്ചിതത്വത്തിലാക്കാന്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍
സംഘടിത ശ്രമം നടക്കുന്നതായി എല്‍ഡിഎഫ് മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെയും, പഞ്ചായത്ത് ഓഫീസില്‍ രാത്രി അതിക്രമിച്ച് കയറിയ യുഡിഎഫ് മെമ്പര്‍മാരെ സംരക്ഷിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിനെതിരെയും നവംബര്‍ 24 രാവിലെ 10.30ന് മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 13ന് ചേര്‍ന്ന കിഫ്ബി യോഗം 11 (1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച റോഡുകള്‍ക്ക് തുടര്‍ന്നും ഫണ്ട് നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍, നിലവില്‍ കിഫ്ബിയുടെ മുന്‍ഗണന ലിസ്റ്റില്‍ കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് ഇടംപിടിച്ചിട്ടില്ല. തുടര്‍ച്ചയായ കോടതി വ്യവഹാരങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വികസന വിരോധികള്‍ ഹൈക്കോടതിയില്‍ നല്കിയ അവസാന കേസും അവര്‍ തന്നെ പിന്‍വലിച്ചതോടെ നിയമതടസ്സങ്ങള്‍ നീങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്-ആര്‍എംപിഐ സഖ്യം പുതിയ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. റോഡിന് 12 മീറ്റര്‍ വീതി
വേണമെന്നാവശ്യപ്പെട്ട് നാല് കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ പരാതി, 11(1) നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളുടെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടര്‍ കൊയിലാണ്ടി എല്‍എ തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂരേഖകള്‍ സഹിതം പദ്ധതി ബാധിതര്‍ക്ക് മാത്രമേ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ അര്ഹതയുള്ളൂവെന്നിരിക്കെ, ഭരണസ്വാധീനം ഉപയോഗിച്ച് കലക്ടറെക്കൊണ്ട് നിയമവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയാണ് ചെയ്തതെന്ന് നേതാക്കള്‍ ആരോപിച്ചു. നവംബര്‍ 13ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ 11(1) നോട്ടിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന എല്‍ഡിഎഫിന്റെ പ്രമേയം യുഡിഎഫ് അംഗങ്ങള്‍ പരാജയപ്പെടുത്തി. അതേ യോഗത്തില്‍ 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കണമെന്ന കോണ്‍ഗ്രസ് അംഗത്തിന്റെ പ്രമേയം അവതാരകന് തന്നെ പിന്‍വലിക്കുകയും ചെയ്തു. നിലവിലെ ഡിപിആര്‍ പ്രകാരം 10 മീറ്റര്‍ വീതിയിലാണോ, അതോ വീണ്ടും പഠനങ്ങള്‍ നടത്തി 12 മീറ്റര്‍ വീതിയിലാണോ റോഡ് നിര്‍മ്മിക്കേണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണം. നേരത്തെ 10 മീറ്റര്‍ വീതിയെ അനുകൂലിച്ച ലീഗ് അംഗങ്ങള്‍ പ്രമേയ ചര്‍ച്ചയില്‍ 12 മീറ്റര്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ചവര്‍ക്കെതിരെ ലീഗ് നടപടിയെടുക്കുമോ എന്നും നേതാക്കള്‍ ചോദിച്ചു. 12 മീറ്ററിലേക്ക് മാറ്റാന്‍ ഇപ്പോള്‍ ശ്രമിച്ചാല്‍ പദ്ധതി സമീപഭാവിയിലൊന്നും നടപ്പാകില്ലെന്നും നിലവിലെ അലൈന്മെന്റില് തന്നെ
റോഡ് നിര്‍മ്മിക്കാന്‍ ഭരണസമിതി തീരുമാനിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
റോഡ് കിഫ്ബിയുടെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ എംഎല്‍എയുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. എംഎല്‍എയെ നേരിട്ട് കണ്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും 10 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. നവംബര്‍ 13ലെ സിസിടിവി ദൃശ്യങ്ങളിലൂടെ അര്‍ധരാത്രിയോട് അടുക്കുന്ന നേരത്തും മെമ്പര്‍മാര്‍ക്കും പുറത്തുള്ളവര്‍ക്കും പഞ്ചായത്ത് ഓഫീസില്‍ പ്രവേശിക്കാമെന്ന ഗുരുതര വീഴ്ച പുറത്തുവന്നിട്ടും, ഇതിനെതിരെ പരാതി നല്കാന് പോലും തയ്യാറാകാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി അപലനീയമാണെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ബി.സുരേഷ് ബാബു, ഒ.പി.ചന്ദ്രന്, എം.കെ.പ്രമോദ്, കെ.വി.സത്യന് എന്നിവര്‍ പങ്കെടുത്തു.















