കോഴിക്കോട്: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മേരാ യുവഭാരത് (മൈ ഭാരത്) കോഴിക്കോടും കോളേജ് ഓഫ് അപ്ലൈഡ് സയന്‍സും
(ഐഎച്ച്ആര്‍ഡി) സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാര്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. വികസിത് ഭാരത് യുവ ലീഡേഴ്സ് ഡയലോഗ് 2027-ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കോളജ് ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടി അസിസ്റ്റന്റ് കളക്ടര്‍ മാളവിക.ജി.നായര്‍ ഉദ്ഘാടനം ചെയ്തു. ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്’ എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ സി.എച്ച്.ഫാത്തിമത്ത് ഷെയിക്ക ഒന്നാം സ്ഥാനവും വി.ഹിബ റസാക്ക് രണ്ടാം സ്ഥാനവും വി.അവന്തിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങില്‍ 30 കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വൈ.കെ.ഗൗതം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ എം.സുനിത, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജസ്ലീന് ജോസ്, മൈ ഭാരത് പ്രതിനിധി സനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനതല മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.















