ശബരിമല: ശബരിമല തീര്‍ഥാടകരുമായി എത്തിയ ട്രാവലര്‍ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എഎസ്ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. ശബരിമലയില്‍ സ്പെഷ്യല്‍
ഡ്യൂട്ടിക്കായി എത്തിയ എറണാകുളം സ്വദേശിയായ എഎസ്ഐ ജിജോയിക്കാണ് സസ്പെന്ഷന്.
ശബരിമല കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി പി.വിജയനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പറവൂര്‍ സ്വദേശി പ്രശാന്തിനാണ് മര്‍ദനമേറ്റത്. ഡ്രൈവറുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തീര്‍ഥാടകരെ
ഇറക്കുന്നതിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥന് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും അസഭ്യം പറയുകയും പലതവണ കൈയേറ്റം ചെയ്തതായും പ്രശാന്ത് പരാതിപ്പെട്ടു.
മട്ടാഞ്ചേരിയിലാണല്ലേ നിന്റെ വീട്. താന്‍ അവിടെ വന്ന് നിന്നെ പൊക്കിക്കൊള്ളാമെന്ന് എഎസ്ഐ പറഞ്ഞു. മട്ടാഞ്ചേരിയില്‍ അല്ല നോര്‍ത്ത് പറവൂരിലാണ് വീടെന്ന് പറഞ്ഞു. അവിടെയുള്ള പ്രശ്നം തീരട്ടെ എന്നുകരുതായാണ് മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന്
പറഞ്ഞത്. അതോടെ അരിശം മൂത്ത് എഎസ്ഐ മുഖത്തടിക്കുകയായിരുന്നു. ബഹളം കേട്ട് മറ്റ് തീര്‍ഥാടകരും പൊലീസുകാരും ഓടിയെത്തിയതോടെയാണ് രംഗം ശാന്തമായത്.
മര്‍ദനമേറ്റ പ്രശാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കൈയേറ്റ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് നിലയ്ക്കല്‍ സ്പെഷ്യല്‍ ഓഫീസര്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിക്കുകയും ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ എഡിജിപി ഉത്തരവിടുകയുമായിരുന്നു.
















