
വടകര: വടകര ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി രചനാ മത്സരങ്ങളില്‍ പങ്കെടുക്കുന്ന അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിസൗഹൃദ പേപ്പര്‍ പേനകള്‍ വിതരണം ചെയ്യാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി. പരിസ്ഥിതി സൗഹൃദ കലോത്സവം എന്ന
ലക്ഷ്യത്തിന്റെ ഭാഗമായാണ് വേറിട്ട ഈ സംരംഭം.
13 വരെ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിലെ ആദ്യദിനമായ 10നുള്ള രചനാ മത്സരങ്ങള്‍ക്കാണ് പേപ്പര്‍ പേനകള്‍ നല്‍കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച പേപ്പര്‍ പേന നിര്‍മ്മാണ ശില്പശാലയില് തയ്യാറാക്കിയവയാണ് ഇവ.
കെഎംഎച്ച്എസ്എസ് കോട്ടക്കല്‍, മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗുജറാത്തി എസ്ബി സ്കൂള്‍, പുളിഞ്ഞോളി എസ്ബി സ്കൂള്‍, ഇസ്ലാമിക് അക്കാദമി കോട്ടക്കല്‍, ഇരിങ്ങല്‍ എസ്എസ്യുപി സ്കൂള്‍, മുതുവന യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ശില്പശാലയില് പങ്കെടുത്തത്. വടകര ബിആര്‍സിയിലെ ക്രാഫ്റ്റ് അധ്യാപികമാരായ ഗില്‍ഡ, ഷീന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
കോട്ടക്കല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് ഫസല്‍ ടി.എം. ശില്പശാല ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സിന്ധു കെ.ടി, നഗരസഭ കൗണ്‍സിലര്‍ നിഷ ഗിരീഷ്, പി.ടി.കെ. അബ്ദുറഹ്മാന്, മുഹമ്മദ് എ.എം. എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് സിറാജുദ്ദീന് എം.എ. അധ്യക്ഷത വഹിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ കണ്‍വീനര്‍ യൂനുസ് വടകര സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.
ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷനാണ് ഗ്രീന്‍ പ്രോട്ടോകോള്‍ ചുമതല.
















