
വടകര: വടകരയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അടിയന്തര മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ
ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തു.
എഇഒമാര്‍, പ്രധാനാധ്യാപകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്-മുനിസിപ്പല്‍ അധികൃതര്‍, സിഡിപിഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ രോഗവ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്തു.
സ്കൂളുകളില്‍ ശുചിത്വവും സുരക്ഷിതമായ കുടിവെള്ളവും ഉറപ്പാക്കുക, കുട്ടികളില്‍
രോഗപ്രതിരോധ ബോധവല്‍ക്കരണം ശക്തമാക്കുക, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്കി. സ്കൂളുകളില്‍ നടപ്പാക്കേണ്ട പ്രത്യേക മുന്‍കരുതലുകളും മാറ്റങ്ങളും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എ കെ.കെ. രമ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ചെറിയാന്, ഡിഎംഒ ഡോ. രാജേഷ്, ഡോ. അബ്ദുള്‍ നസീര്‍, ഡോ ഡെയ്സി ഗോരെ, എഇഒമാരായ സുനില്‍, സപ്ന ജൂലിയറ്റ്, സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സുരേന്ദ്രന് സ്വാഗതം പറഞ്ഞു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല,
ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, ഒഞ്ചിയം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. അനിത, ചോറോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനുശ്രീ സി.വി. എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
രോഗവ്യാപനം തടയുന്നതിന് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം യോഗം വിലയിരുത്തി. കുട്ടികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചു.
















