തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യപിച്ച്
വാഹമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനാണ് നീക്കം. വിഷയത്തിൽ ഗതാഗതമന്ത്രിയുമായി പൊലീസ് ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഉടൻ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ കെയർ’ ഈ മാസം 16ന് ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ പുനഃരധിവസിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി മുപ്പതിലധികം ആശുപത്രികൾ സഹകരിക്കാൻ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ ആശുപത്രി പ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കും. പൊലീസ് ഡി-ആഡിക്ഷൻ സെന്ററുകൾ വഴി നിരവധി പേരെ ഇതിനകം സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറ ലഹരിക്ക് അടിമപ്പെടുന്നത് തടയാൻ പ്രത്യേക കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
















