കോഴിക്കോട്: ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന്
ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. മഴയ്ക്ക് ശേഷം വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വെള്ളം കെട്ടിനില്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, ടിന്നുകള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ചിരട്ടകള്‍, പൂച്ചട്ടികള്‍, വെള്ളം ശേഖരിക്കുന്ന മറ്റു പാത്രങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്ക്കാന് സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കല്‍ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ വെള്ളം ഒഴുക്കിക്കളഞ്ഞ് പാത്രങ്ങള്‍ വൃത്തിയായി കഴുകുകയും വേണം. ആഴ്ചയിലൊരിക്കലുള്ള ഡ്രൈ ഡേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും ശനിയാഴ്ചകളില്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും പ്രത്യേക ശുചീകരണ-ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള
രോഗസാധ്യത പരിഗണിക്കണം. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സ തേടുകയോ പനി കുറയാന്‍ കാത്തിരിക്കുകയോ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്രയും വേഗം ചികിത്സ തേടണം.
പ്രതിരോധം ഓരോരുത്തരുടെയും ഉത്തരവാദിത്തം
കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പകല്‍സമയത്തും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകുവലയും കൊതുകുനിവാരണ മാര്‍ഗങ്ങളും ഉപയോഗിക്കുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൊതുക് നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും സ്വന്തം പരിസരം കൊതുക് വിമുക്തമാക്കുന്നതില്‍ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.















