വടകര: ഗ്രാമീണ മേഖലകളിലെ തപാല്‍ ഓഫീസുകള്‍ അടച്ച് പൂട്ടാനുള്ള പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് നടപടി പിന്‍വലിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം
ആവശ്യപ്പെട്ടു. ജില്ലയിലെ നഗരസഭ പരിധിയില്‍ ഉള്‍പ്പെടെയുള്ള തപാല്‍ ഓഫീസുകളാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്. നഗര പരിധിയിലെ ഗ്രാമീണ തപാല്‍ ഓഫീസുകള്‍ പൂട്ടാനുള്ള പോസ്റ്റല്‍ ഡയക്ടറേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകള്‍ അടക്കുന്നത്. ഈ വിഷയം സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്. വടകര നഗരസഭയിലെ മേപ്പയില്‍, പുത്തൂര്‍, നടക്കുതാഴ, കൊയിലാണ്ടി നഗരസഭയിലെ മേലൂര്‍, കുറുവങ്ങാട്, നടേരി, പെരുവട്ടൂര്‍, കേന്ദ്ര ഭരണ പ്രദേശമായ മാഹി നഗരസഭയിലെ പള്ളൂര്‍, നാലുതറ, പന്തക്കല്‍ എന്നീ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്. ബ്രാഞ്ച് തപാല്‍ ഓഫീസുകള്‍ ഇല്ലാതാവുന്നതോടെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് സേവനങ്ങള്‍ അപ്രാപ്യമാകും. പോസ്റ്റ് ഓഫീസുകള്‍ അടച്ച്പൂട്ടുന്ന വിഷയം തിരുവനന്തപുരത്ത് നേരിട്ട് പോസ്റ്റ്മാസ്റ്റര്‍ ജനറലിനെ അറിയിക്കുമെന്ന് കെ.കെ.രമ എംഎല്‍എ പറഞ്ഞു. വടകര ലിങ്ക് റോഡില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റണമെന്ന ആവശ്യം സമിതി യോഗത്തില്‍ ചര്‍ച്ചയായി. പ്രശ്നം വിവിധ സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ ഇടപെടുമെന്ന് കെ.കെ.രമ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം സമിതി അംഗങ്ങളായ പി.പി.രാജന്, പുറന്തോടത്ത് സുകുമാരന്‍ എന്നിവരാണ് ഉന്നയിച്ചത്. കാട്ടുപന്നി ശല്യം അവസാനിപ്പിക്കാന്‍ നടപടിയെടുത്ത
ഷൂട്ടര്‍മാര്‍ക്ക് ചില പഞ്ചായത്തുകള്‍ നേരത്തെ തീരുമാനിച്ച പണം അനുവദിച്ചില്ലെന്ന് സമിതി അംഗം കളത്തില്‍ ബാബു പറഞ്ഞു. കുറ്റ്യാടി-കണ്ണൂര്‍ വിമാന താവള റോഡ് ഭരണാനുമതി നല്കി യാഥാര്‍ഥ്യമാക്കണമെന്ന് സമിതി അംഗം പി.സുരേഷ് ബാബു ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലകളില്‍ അലൈന്മെന്റ് പൂര്‍ത്തിയാക്കി സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തു. കോഴിക്കോട് ജില്ലയിലെ ഭാഗങ്ങള്‍ അലൈന്മെന്റ് പൂര്‍ത്തിയാക്കി സര്‍ക്കാറിന് ഡിപിആര്‍ സമര്പ്പിച്ചിങ്കെലും ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂര്‍ പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ചു. തോടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ടി.കെ.അഷ്റഫ്, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോപാലന്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട്, ടി.എം.മുസ്തഫ, തഹസില്‍ദാര്‍ കെ.രജീഷ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.















