ആയഞ്ചേരി: ആയഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും പേപ്പട്ടി ശല്യം അതീവ ആശങ്കയായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് നിരവധി പേര്‍ക്കാണ്
ഭ്രാന്തന് നായയുടെ കടിയേറ്റത്. ഭീതിയിലായ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന സാഹചര്യം. പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ഥികളും പ്രായമായവരുമടക്കം ഭീതിയിലാണ്. തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഇടവഴികളില്‍ പോലും നായകളുടെ കൂട്ടത്തോടെയുള്ള സാന്നിധ്യം കാല്‍നടയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള, തോടന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഹാരിസ് മുറിച്ചാണ്ടി എന്നിവര്‍ സന്ദര്‍ശിച്ചു. കടിയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ഭീതി പരത്തുന്ന നായകളെ പിടികൂടാന്‍ പഞ്ചായത്ത് അധികൃതരും മൃഗസംരക്ഷണ വകുപ്പും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.















