
ആയഞ്ചേരി: തറോപ്പൊയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി ക്ലീനിങ് സെന്റര്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹം ഒരു മാസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശവാസികള്‍ സമരപ്പന്തലില്‍ അടുപ്പുകൂട്ടി കഞ്ഞിവെച്ച് പ്രതിഷേധിച്ചു.
കഞ്ഞി പാകം ചെയ്ത് സമരഭടന്മാര്ക്ക് വിതരണം ചെയ്താണ് പ്രദേശത്തെ സ്ത്രീകള്‍ തങ്ങളുടെ പിന്തുണ അറിയിച്ചത്. കുനിമ്മല്‍ കുഞ്ഞബ്ദുള്ള, ഷഫീഖ് തറോപ്പൊയില്‍, അബ്ദുസ്സലാം നെല്ലിയുള്ളതില്‍, മുഹമ്മദ് കിളിമ്മല് എന്നിവര്‍ നേതൃത്വം നല്കി.
കുട്ടികളുടെയും വയോധികരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രദേശവാസികളുടെ സ്വസ്ഥമായ ജീവിതം ഉറപ്പുവരുത്തുന്നതിനും സ്ഥാപനം പൂര്‍ണമായും മാറ്റി സ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.
















