
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. മുഖ്യമന്ത്രിക്ക് ജയബാലകൃഷ്ണന്റെ കുടുംബം
നിവേദനം നല്കി. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. 17 കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിക്കെതിരായ പരാതിയടക്കം കുടുംബം മുഖ്യമന്ത്രിക്ക് നൽകി. ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന് കുടുംബം പരാതിയിൽ പറഞ്ഞു. അപകടം നടന്ന ഉടൻ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ അവിടേക്ക് എത്തി. ഇത് സി സി ടി വി ദൃശ്യങ്ങളിൽ കണ്ടതാണെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനാണ് ജഡ്ജി
അതിവേഗം തന്നെ സ്ഥലത്തെത്തിയതെന്നും കുടുംബം വിവരിച്ചു. ആശങ്കകള്‍ ഒക്കെ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് എഴുതിയും കൊടുത്തത്. ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. സര്‍ക്കാര്‍ എല്ലാത്തിനും കൂടെയുണ്ട് എന്ന വാക്ക് തന്നിട്ടാണ് മുഖ്യമന്ത്രി പോയതെന്നും ഭദ്രകീര്ത്തി പറഞ്ഞു.
അതേസമയം 17കാരന്റെ ഫോണിൽ നിന്ന് വിവരങ്ങൾ തിരിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ
മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് അഡീഷണൽ ജഡ്ജി. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഈ മൊഴിയിൽ ജഡ്ജി ഉറച്ചുനിന്നു. 17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളെടുത്ത് ഈ വാദം പൊളിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.















