
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേള നാളെ (ശനി) അവസാനിക്കാനിരിക്കെ, കുട്ടികളുടെ പ്രകടനത്തെയും സംഘാടക മികവിനെയും
പ്രശംസിച്ച് വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്. കായികമേളയില്‍ പിറന്നത് നാലു പുതിയ റെക്കോര്ഡുകളെന്ന് മന്ത്രി. സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആലപ്പുഴ ജില്ലയിലെ അനാമിക അജേഷ് 13.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2018-ല്‍ അപര്‍ണ റോയ് സ്ഥാപിച്ച 13.85 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
ജൂനിയര്‍ ബോയ്സ് ലോങ്ജമ്പില്‍ കോട്ടയം ജില്ലയിലെ വിഷ്ണു യാദവ് 7.31 മീറ്റര്‍ ചാടി റെക്കോര്‍ഡ് സ്വന്തമാക്കി. 2017 ല്‍ കെ.എം. ശ്രീകാന്ത് കുറിച്ച 7.05 മീറ്റര്‍ മീറ്റ് റെക്കോര്‍ഡ് ആണ് മറികടന്നത്.
സീനിയര്‍ ബോയ്സ് 100 മീറ്ററില്‍ ആലപ്പുഴ ജില്ലയിലെ അതുല്‍ ടി. എം. 10.63 സെക്കന്‍ഡില്‍
ഓടിയെത്തി പുതിയ റെക്കോര്‍ഡിട്ടു. 2011ല്‍ ജിജിന് വിജയന് സ്ഥാപിച്ച 10.70 സെക്കന്‍ഡാണ് മറികടന്നത്.
ജൂനിയര്‍ 400 മീറ്ററില്‍ തിരുവനന്തപുരം ജില്ലയിലെ ശ്രീഹരി കരിക്കന്‍ 47.84 സെക്കന്‍ഡില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. 2017-ല്‍ അഭിഷേക് മാത്യു കുറിച്ച 48.88 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് തിരുത്തിയത്.
മോശം ജീവിത, ഭൗതിക സാഹചര്യങ്ങളോട് പൊരുതി കായികമേളയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പാലക്കാട് ജില്ലയിലെ കൊല്ലംകോട് പനങ്ങാടി ആര്.പി.എം.എച്ച്.എസ്.എസ് സ്കൂള്‍ വിദ്യാര്‍ഥിനി ജി. അക്ഷയക്ക് വീട് വെച്ച് കൊടുക്കാമെന്ന് വ്യവസായി ബോബി
ചെമ്മണ്ണൂര്‍ ഉറപ്പുനല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അക്ഷയക്ക് 3000 മീറ്ററില്‍ സ്വര്‍ണ മെഡലും 1500 മീറ്ററിലും 800 മീറ്ററിലും വെള്ളിമമെഡലും നേടാനായി.
കായികമേളയില്‍ വിജയികളായ കുട്ടികളുടെ പ്രായം സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് ഒരു കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും പ്രായക്കൂടുതല്‍ ഉണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സ്ഥാനം റദ്ദാക്കുകയും ചെയ്തു. മറ്റൊരു കുട്ടിയുടെ പ്രായം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ പരാതി കുട്ടിയുടെ പേരോ മത്സര ഇനമോ പരാമര്‍ശിക്കാതെ ചെസ് നമ്പറിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതിനാല് നടപടിയെടുക്കാന്‍ കഴിയുന്നില്ല.
പുഴു വിവാദവുമായി ബന്ധപ്പെട്ട് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്തുകയും അറസ്റ്റ്
ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിനെതിരെ വിദ്യാഭ്യാസ വകുപ്പും നടപടി എടുത്തിട്ടുണ്ട്. അധ്യാപക സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന പെരുമാറ്റമാണ് മാതൃകയാകേണ്ട അധ്യാപകനില്‍ നിന്നുണ്ടായത്. ഇക്കാര്യത്തില്‍ ഗൂഢാലോചന കൂടി അന്വേഷിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കായികമേളയുടെ മികച്ച പ്രവര്‍ത്തനങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെയും രണ്ടു മാസം മുമ്പ് ആരംഭിച്ച സംഘാടകസമിതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും കോഴിക്കോട്ടെ കായിക പ്രേമികളെയും മന്ത്രി അഭിനന്ദിച്ചു.















