താമരശ്ശേരി: പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മക്കളില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചാമുണ്ടി
കാരോട്ടുമല ബിജുവിനെയാണ് (49) കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. നൂറാംതോട് ചങ്ങനാത്ത് ജിതിനാണ് (29) കൊല്ലപ്പെട്ടത്. 28-ന് രാത്രി 8.30ഓടെയാണ് സംഭവം. നാറാംതോട് അങ്ങാടിയിലെ ഒരു കടയില്‍ ജിതിന്റെ പിതാവിനെ പ്രതി കയ്യേറ്റം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിക്കാന്‍ ജിതിനും അനുജന് ജിബിനും ചാമുണ്ടിയിലെ പ്രതിയുടെ വീടിന് സമീപത്തെ റോഡില്‍ എത്തിയതായിരുന്നു.
ഇതിനിടെ പ്രതി ബിജു ഇരുവര്‍ക്കും നേരെ തിരിഞ്ഞു. ജിതിനെ കത്തി കൊണ്ട് വയറിന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ജിബിന്റെ ഇടതുകാലിലും പ്രതി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ജിബിനെയും ജിതിനെയും ആക്രമിക്കുന്നതിന് മുമ്പ് നാറാംതോട് സ്വദേശിയായ സുരേഷിനെയും പ്രതി കത്തികൊണ്ട്
പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതിന് മരണപ്പെട്ടു. അക്രമത്തിനു ശേഷം മുങ്ങിയ പ്രതി താമരശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെയാണ് പോലീസ് പിടികൂടിയത്.
താമരശ്ശേരി സിഐ യൂസഫ് നടുതറമ്മലിന്റെയും കോടഞ്ചേരി എസ്ഐ റസാഖ് വി.കെ.യുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എഎസ്ഐ ആയിഷാബി, എസ്സിപിഒമാരായ മുജീബ്, ശ്രീലേഷ്, മുനീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
















