കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് സബ് പോസ്റ്റ് ഓഫീസായി തരംതാഴ്ത്താനും പെരുവട്ടൂര്‍, നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടാനുമുള്ള
നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ യു.കെ. ചന്ദ്രന്‍പറഞ്ഞു.
കൊയിലാണ്ടിയിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തപാല്‍ ഓഫീസുകളുടെ സേവനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കിവരുന്ന കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന്റെ പദവി നഷ്ടപ്പെടുത്തുന്നത് പ്രദേശത്തിന്റെ പ്രാധാന്യത്തെയും വികസനസാധ്യതകളെയും അവഗണിക്കുന്ന നടപടിയാണ്. അതോടൊപ്പം പെരുവട്ടൂര്‍,
നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നത് സാധാരണക്കാര്‍ക്കും വയോജനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കും.
തപാല്‍ സേവനങ്ങള്‍ കേവലം കത്തിടപാടുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. ബാങ്കിങ്, സമ്പാദ്യപദ്ധതികള്‍, ഇന്‍ഷുറന്‍സ്, പെന്ഷന് വിതരണം തുടങ്ങി സാധാരണക്കാരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി സേവനങ്ങളാണ് തപാല്‍ ഓഫീസുകള്‍ വഴി ലഭ്യമാകുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്നത് ജനങ്ങളുടെ അടിസ്ഥാന സേവനങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. പൊതുസേവന സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതിന് പകരം നിലവിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സമീപനം
അംഗീകരിക്കാനാവില്ല.
കൊയിലാണ്ടിയുടെ പ്രാധാന്യവും ജനസംഖ്യയും വര്‍ധിച്ചുവരുന്ന സേവനാവശ്യങ്ങളും പരിഗണിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന്റെ നിലവിലുള്ള പദവി നിലനിര്‍ത്തുകയും പെരുവട്ടൂര്‍,നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടരുമെന്ന് ഉറപ്പുവരുത്തുകയും വേണം.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും തപാല്‍ അധികൃതരും അടിയന്തരമായി ഇടപെടണം. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ജനപ്രതിനിധികളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരുമെന്നും ചെയര്‍പേഴ്സണ്‍ മുന്നറിയിപ്പു നല്കി.
















