
ചൊക്ലി: കാണാതായ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ശിവസൂര്യയെ കണ്ടെത്താന്‍ ജനകീയ ഇടപെടല്‍ ശക്തമാക്കുന്നു. രണ്ടര മാസം പിന്നിട്ടിട്ടും
കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് യോഗം ചേരും.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. എന്നിട്ടും ശിവസൂര്യയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ ആലോചിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. നവംബര്‍ മൂന്നിന് വൈകിട്ട് 4.30ന് ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് യോഗം. രാഷ്ട്രീയ
പാര്‍ട്ടികള്‍, യുവജന-വിദ്യാര്‍ഥി സംഘടനകള്‍, മഹിളാ-തൊഴിലാളി സംഘടനകള്‍, അധ്യാപകര്‍, വ്യാപാരികള്‍, രക്ഷിതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, വായനശാലകള്‍, മതസംഘടനകള്‍, നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ശിവസൂര്യയെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.















