
വടകര: 39.5 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ വടകരയില്‍ പോലീസ് പിടിയില്‍.
പുതുപ്പണം ചന്ദനംപറമ്പ് സജീര്‍ (44), പുതുപ്പണം കുന്നുമ്മല്ത്താഴെ ഷബീര്‍ (36), മലപ്പുറം
പാണ്ടിക്കാട് പൂക്കുന്നുമ്മല്‍ ജംഷീദ് (31) എന്നിവരാണ് പിടിയിലായത്. വടകര പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍
സഞ്ചരിച്ച കെഎല്‍ 83 ബി 2461 നമ്പറിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്നു എത്തിച്ചതാണ് എംഡിഎംഎ. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന് ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ജില്ലാ ഡാന്‍സാഫ് സ്ക്വാഡും വടകര പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സഹകരണാശുപത്രി പരിസരത്ത് വാഹനം തടഞ്ഞ് പ്രതികളെ എംഡിഎംഎയുമായി
പിടികൂടുകയായിരുന്നു. ലക്ഷങ്ങള്‍ വിലവരുന്നതാണ് പിടിയിലായ എംഡിഎംഎ.
ഇവരെ കുറിച്ച് സൂചന ലഭിച്ച ഡാന്‍സാഫ് സംഘം പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. ബംഗളൂരില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ എത്തിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്. ഇവര്‍ക്ക് ലഹരി കൈമാറിയ മൊത്ത വിതരണക്കാരേയും ഇവരില്‍ നിന്ന്
എംഡിഎംഎ വാങ്ങിയവരെ കുറിച്ചും പോലീസ് അന്വേഷിക്കും.
ഡാന്‍സാഫ് എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ വി.വി.ഷാജി, ബിനീഷ്, സുനില്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ ഷോബിത്, അഖിലേഷ്, സിവില്‍പോലീസ് ഓഫീസര്‍മാരായ അതുല്‍, അനൂപ്സെന്‍ എന്നിവരടങ്ങിയ സംഘമാണ് എംഡിഎംഎ പിടികൂടിയത്.
















