
വടകര: ഐപിഎം നാഷണല്‍ യൂണിവേഴ്സിറ്റി ചാലഞ്ചര്‍ കപ്പ് ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് ഡിസംബര്‍ അവസാനവാരം നടത്തുന്നതിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് എസ്.ഷാജു ചെയര്‍മാനും ഐപിഎം ചെയര്മാന്
നരേന്ദ്രന് കൊടുവട്ടാട്ട് ജനറല്‍ കണ്‍വീനറുമായി 110 അംഗ സ്വാഗത സംഘത്തിന് രൂപം നല്കി. നഗര സഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.കെ.സതീശന്, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.മുഹമ്മദ് അലി എന്നിവര്‍ വൈസ് ചെയര്‍മാനും രഞ്ജുമോന്‍ ജോയിന്റ് കണ്‍വീനറും മണി ബാബു ഫിനാന്‍സ് കമ്മറ്റി ചെയര്‍മാനുമാണ്. 24 പേരുള്ള ഉപദേശക സമിതിയെയും 32 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 16 സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ ആറു പുരുഷ ടീമുകളും നാല് വനിതാ ടീമുകളും
ടൂര്‍ണമെന്റില്‍ പങ്കെടുക്കും. രണ്ട് പൂളുകളിലായി ലീഗ് അടിസ്ഥാനത്തില്‍ ഏഴ് പുരുഷ മത്സരങ്ങളും നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ മൂന്ന് വനിതാ മത്സരങ്ങളും ഉണ്ടായിരിക്കും. ടൂര്ണമെന്റിനോട് അനുബന്ധിച്ചു ഗഹനമായ പാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന സെമിനാറും ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
യോഗത്തില്‍ വി.കെ.മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പി.കെ.സതീശന്, മുന്‍ ദേശീയ കോച്ച് സേതുമാധവന്, പി.പി.രാജന്, പുറന്തോടത്ത് സുകുമാരന്‍, ശ്രീധരന് വെള്ളിക്കുളങ്ങര, കെ.ശശിധരന്, ടി പി.രാധാകൃഷ്ണന്, പി. കെ രാമചന്ദ്രന്, ബഷീര്‍ പട്ടാര, മൂസ നാസ്സര്‍ മുതലായവര്‍ സംസാരിച്ചു. വി.എം.ഷീജിത്ത്, പ്രസാദ്.കെ എന്നിവര്‍ ടൂര്ണമെന്റിനെപ്പറ്റിയും സെമിനാറിനെപ്പറ്റിയും വിശദീകരിച്ചു. നരേന്ദ്രന് സ്വാഗതവും രഞ്ജുമോന്‍ നന്ദിയും പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ നടന്ന ഐപിഎം നാഷണല്‍ യൂണിവേഴ്സിറ്റി ചാലഞ്ചര്‍ കപ്പ് ടൂര്ണമെന്റ്റ് സംഘാടക, സാങ്കേതിക മികവുകള്‍ കൊണ്ട് ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വടകരയുടെ പേര് ദേശീയ വോളി സര്‍ക്യൂട്ടിലേക്കു ഉയര്‍ത്താനും കടത്തനാട് വോളിയുടെ ഉന്നമനത്തിനായി യുണൈറ്റഡ് വടകര വോളി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു വിപുലമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ആ ടൂര്‍ണമെന്റിന്റെ സംഘാടക കൂട്ടായ്മക്ക് കഴിഞ്ഞു.
വോളി വികസനത്തിനുള്ള പ്രയത്നം തുടരാനും ഐപിഎം അക്കാദമി നല്കുന്ന സൗജന്യ സേവനങ്ങള്‍ക്കായി ധനസമാഹരണം നടത്താനുമാണ് ടൂര്‍ണമെന്റിലൂടെ ലക്ഷ്യമിടുന്നത്. കളികള്‍ മേപ്പയില്‍ ഐപിഎം അക്കാദമിയില്‍ സൗജന്യമായി നടത്താനും ഓണ്‍ലൈന്‍ ആയി തത്സമയം സംപ്രേഷണം ചെയ്യാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു.















