വടകര: മയ്യന്നൂര്‍ കൂട്ടങ്ങാരത്തും നടക്കുതാഴ അരിക്കോത്തും തെരുവ് നായയുടെ പരാക്രമത്തില്‍ ആറു പേര്‍ക്ക് കടിയേറ്റു. വെള്ളിയാഴ്ച രാവിലെയാണ് കുരുക്കിലാട്
സ്വദേശിനി ജാന്‍സി, തിരുവങ്ങാട് സ്വദേശി മിഥുന് എന്നിവര്‍ക്ക് കൂട്ടങ്ങാരത്ത് വെച്ച് നായയുടെ കടിയേറ്റത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാന്‍സിയെ വഴിയില്‍ വെച്ചാണ് നായ ആക്രമിച്ചത്. ഇവരുടെ കൈക്കും കാലിനും പരുക്കേറ്റു. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മിഥുനിനെ നായ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. മിഥുന്റെ കാലിനാണ് കടിയേറ്റത്. ഇയാള്‍ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് നായ ആക്രമിച്ചത്. നടക്കുതാഴ അരിക്കോത്ത് വിദ്യാര്‍ഥി ഉള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് നായയുടെ പരാക്രമമുണ്ടായത്. വൈക്കിലശ്ശേരി റോഡില്‍ കോമത്ത് മീത്തല്‍ അശോകനെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് നടക്കുതാഴ കാര്‍ഷിക നേഴ്സറി ജീവനക്കാരനായ കുട്ടംകുളങ്ങര ഗംഗാധരനെയും ബാലുശ്ശേരിയില്‍ നിന്നു മകളുടെ വീട്ടില്‍ വന്ന മറ്റൊരാളെയും നായ കടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മോഡല്‍ പോളിയില്‍ പഠിക്കുന്ന ഡാര്വിന് എന്ന വിദ്യാര്‍ഥിയെയും നായ കടിച്ചു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.















