
വടകര: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗലാപുരം പ്രദേശത്തെ (ഉള്ളാള്‍ വരെ) തെക്കുപടിഞ്ഞാറന്‍ റെയില്‍വേയുടെ മൈസൂരു
ഡിവിഷനിലേക്ക് മാറ്റി ഉത്തരവിറക്കിയ റെയില്‍വേ ബോര്‍ഡിന്റെ നടപടിയില്‍ ഷാഫി പറമ്പില്‍ എംപി ശക്തമായ പ്രതിഷേധം അറിയിച്ചു. ഈ വിവേചനപരമായ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍, ഇത് മലബാര്‍ മേഖലയുടെ റെയില്‍വേ വികസനത്തെയും പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പിനെയും വന്‍ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ് നല്കി. പാലക്കാട് ഡിവിഷന്റെ വരുമാനത്തിന്റെ പകുതിയോളവും ലഭിക്കുന്നത് മംഗളൂരുവില്‍ നിന്നും ന്യൂ മംഗളൂരു തുറമുഖവുമായി ബന്ധപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുമാണ്. ഈ മേഖല മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് കടുത്ത സാമ്പത്തിക തകര്‍ച്ചയിലാവുകയും വടക്കന്‍ കേരളത്തിന്റെ യാത്രാസൗകര്യങ്ങളും ഭാവി റെയില്‍വേ വികസന പദ്ധതികളും പൂര്‍ണമായി തടസ്സപ്പെടുകയും ചെയ്യും. മുന്‍പും ഭൂപരിധി വെട്ടിക്കുറയ്ക്കപ്പെട്ട പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സ് കൂടി
നഷ്ടപ്പെടുന്നത് ഡിവിഷന്റെ പൂര്‍ണമായ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നും റെയില്‍വേ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാര്‍ മേഖലയുടെ വികസന താല്‍പ്പര്യങ്ങളെയും പാലക്കാട് ഡിവിഷനെയും തകര്‍ക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവും നിയമപോരാട്ടവും സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. അറിയിച്ചു. 2026 ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരാന്‍ പോകുന്ന ഈ ഉത്തരവനുസരിച്ചുള്ള എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് എംപി പ്രധാനമന്ത്രിയോടും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനോടും ആവശ്യപ്പെട്ടു.















