തിരുവനന്തപുരം: നിയമസഭ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച പ്രതിപക്ഷ നേതാവ്
പിണറായി വിജയന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തത്. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല. രണ്ട് പാര്‍ട്ടികളും ചര്‍ച്ചയ്ക്കായി മാറ്റിവെച്ച വിഷയമാണത്. തര്‍ക്കവിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഏകപക്ഷീയമായല്ല.
പ്രസ്താവന പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്കോ, എല്‍ഡിഎഫിന്റെ സംസ്കാരത്തിനോ നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന
നിലപാടില്‍നിന്ന് ഒരു രീതിയിലും പിന്നോട്ടുപോകില്ലെന്നും നിയമസഭയില്‍ പാര്‍ലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എല്‍ഡിഎഫിന്റേതായി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി യോഗത്തില്‍നിന്ന് മാറിനില്ക്കാന് തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് യോഗംവിളിക്കണമെന്ന് ആവശ്യപ്പെട്ടതും അതില്‍ പങ്കെടുത്തതും-അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചവേണ്ടെന്ന നിലപാടാണ് മുന്നോട്ടുവെച്ചത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ബിനോയ് അഭിപ്രായപ്പെട്ടു.
















