
വടകര: റൂറല്‍ ജില്ലാ പോലീസ് പരിധിയിലെ 72 സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി ത്രിദിന പരിശീലനം തുടങ്ങി. മേപ്പയൂര്‍
ജിവിഎച്ച്എസ്എസില്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്പിസി ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ അഡീഷണല്‍ എസ്.പി. പ്രതീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
എസ്പിസി ലക്ഷ്യവും മാര്‍ഗവും, കൗമാരകാലം: ശ്രദ്ധയും കരുതലും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ഥികളുടെ കൗമാരകാലത്തെ മാനസികവും സാമൂഹികവുമായ മാറ്റങ്ങള്‍ മനസിലാക്കുന്നതിനും അവരുമായി ഫലപ്രദമായി ഇടപെടുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
എസ്പിസി പ്രവര്‍ത്തനങ്ങളുടെ
ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലും വിദ്യാര്‍ഥികളില്‍ അച്ചടക്കം, ഉത്തരവാദിത്വബോധം, സാമൂഹിക പ്രതിബദ്ധത എന്നിവ വളര്‍ത്തുന്നതിലും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ പങ്ക് ഏറെ വിലപ്പെട്ടതാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ ഡ്രില്‍ പരിശീലനത്തോടൊപ്പം വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം, നേതൃത്വ ശേഷി, സാമൂഹിക ഉത്തരവാദിത്വബോധം എന്നിവ വളര്‍ത്തുന്നതിനാവശ്യമായ വിവിധ പരിശീലന സെഷനുകളും സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ റഖീബ് മണിയൂര്‍ സ്വാഗതവും കനകവല്ലി നന്ദിയും പറഞ്ഞു.
















