
വടകര: വിദ്യാഭ്യാസത്തെയും ജനാധിപത്യത്തെയും ഞെരിച്ചുകൊല്ലാനും കാവിവല്‍ക്കരിക്കാനുമുള്ള സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന്
സമയമായെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് അദിതി മിശ്ര പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പി.കൃഷ്ണപ്പിള്ള ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജാതിവിവേചനത്തിനിരയായി കൊല്ലപ്പെട്ട രോഹിത് വെമുല മുതല്‍ അഞ്ചരക്കണ്ടി കോളജില്‍ മരിച്ച നിതിന്‍ രാജ്
വരെയുള്ളവര്‍ വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണത്തിന്റെ ഇരകളാണ്. നീറ്റ് ക്രമക്കേടില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടും അതിന് ഉത്തരവാദിയായ മന്ത്രിയെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് യുവാക്കളെയും വിദ്യാര്‍ഥികളെയും കര്‍ഷകരെയുമെല്ലാം വഞ്ചിക്കുകയും സര്‍വ മേഖലകളും തകര്‍ക്കുകയും ചെയ്ത ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഇവിടെ സംഘപരിവാറിനെ അനുകൂലിക്കാത്ത ആര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. ഏത് കൊടും ക്രൂരകൃത്യവും ചെയ്തവര്‍ സംഘപരിവാര്‍ അനുകൂലികളെങ്കില്‍ സംരക്ഷിക്കപ്പെടുമെന്ന അവസ്ഥ. ജന്തര്‍
മന്തര്‍ സമരം തരുന്ന പാഠമുള്‍ക്കൊണ്ട് ഇവര്‍ക്കെതിരായ സമരത്തിന് ഊര്‍ജം പകരാന്‍ പി.കൃഷ്ണപ്പിള്ളയും ഭഗത്സിങ്ങും ടി.പി ചന്ദ്രശേഖരനുമടക്കമുള്ളവര്‍ കാണിച്ച വഴിയിലൂടെ മുന്നേറാമെന്നും അദിതിമിശ്ര കൂട്ടിച്ചേര്‍ത്തു.
ടി.കെ സിബി അധ്യക്ഷനായി സംസ്ഥാന സെക്രട്ടറി എന്‍ വേണു, കെ. എസ് ഹരിഹരന്‍, എന്‍.പി ഭാസ്‌കരന്‍ മാസ്റ്റര്‍, ടി.കെ വിമല, കെ.ഭാസ്‌കരന്‍, കെ.കെ സദാശിവന്‍, ഏ.കെ. ബാബു എന്നിവര്‍ സംസാരിച്ചു. പൊതുയോഗത്തിനു മുന്നോടിയായി പ്രകടനവും നടന്നു.
















