
കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷയായി യുഡിഎഫ് വിമത മായ രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ
തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫും യുഡിഎഫ് വിമതരും മായയ്ക്ക് വോട്ടു ചെയ്തു. 26 അംഗ കൗൺസിലിൽ 16 പേരുടെ പിന്തുണ മായ രാഹുലിന് ലഭിച്ചു. കോണ്‍ഗ്രസിന്റെ റിയ ബിനോ ചീരാംകുഴിയെയാണ് മായ രാഹുല്‍ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ടാണ് ലഭിച്ചത്. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19ാം വാര്‍ഡിനെയാണ്
പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയിൽ മായാ രാഹുൽ വെസ് ചെയർപേഴ്സണായിരുന്നു.
വോട്ടെടുപ്പിൽ അഞ്ച് യുഡിഎഫ് വിമത കൗൺസിലർമാരുടെ വോട്ട് ലഭിക്കുമെന്നായിരുന്നു മായ രാഹുൽ കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഒരു വിമത കൗൺസിലർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം ഫാമിലിയിലെ മൂന്നുപേരുടെ പിന്തുണയോടെയാണ്, ദിയ പുളിക്കക്കണ്ടത്തെ ചെയർപേഴ്സണായി യുഡിഎഫ്
ആദ്യം ഭരണത്തിലേറ്റുന്നത്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു. പാലായെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നു ആഗ്രഹിക്കുന്നതായി മായാ രാഹുൽ പറഞ്ഞു. ടേം വ്യവസ്ഥയെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും അവർ പറഞ്ഞു. സത്യത്തിനും
നീതിക്കുമുണ്ടായ വിജയമാണിതെന്ന് എൽഡിഎഫ് നേതാക്കളും പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
















