
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര് പിടിയില്‍. കഴിഞ്ഞദിവസം
രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ മകളുടെ മകള്‍ നല്കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി
വിതറിയിരുന്നു. വീട്ടില്‍ നിന്ന് ആറു പവന് സ്വര്‍ണവും കാണാതായിട്ടുണ്ട്. പ്രതികള്‍ നിലവില്‍ ഹരിപ്പാട് പോലീസിന്റെ കസ്റ്റഡിയിലാണ്.
ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവന്‍കുട്ടിയുടെ ഭാര്യയും ഇവര്‍ക്കൊപ്പമാണ്. ഇതോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയ വിദ്യാര്‍ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് തുറക്കാന്‍ കഴിയുന്നില്ലെന്നും അകത്ത് നിന്നു പൂട്ടിയിരിക്കുകയാണെന്നുമായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. മുത്തച്ഛന് മരിച്ചു കിടക്കുന്നത്
നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സ്കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.
പെണ്‍കുട്ടിയെ കൂടാതെ മറ്റു മൂന്നുപേര്‍ കൊല്ലം പരവൂര്‍ സ്വദേശികളാണ്. വീട്ടിലെ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഐ ഫോണ്‍ വാങ്ങിക്കുന്നതിനു വേണ്ടിയാണ് 13 കാരി സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നത്.
ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു.
















