വടകര: ദേശീയപാത പഴങ്കാവ് -ചോളംവയൽ ജംഗ്ഷനിൽ ഓവർപാസ് നിർമ്മാണത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ
ഗഡ്കരിയുടെ ഓഫീസിൽ നിന്ന് ഉറപ്പ് ലഭിച്ചെന്ന് ബിജെപി കോഴിക്കാട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു .ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ നിതിൻഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് അനുമതി തീരുമാനമായതെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. സമരസമിതി നേതാക്കൾ ബിജെപി നേതാക്കളെ കണ്ട് നിവേദനം നൽകിയിരുന്നു. ഓവർ പാസ് യാഥാർഥ്യമാകുന്നതോടെ പഴങ്കാവിലെയും ചോളം വയലിലെയും ജനങ്ങളുടെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാണ് ഉണ്ടാവുക. അഴിയൂർ വെങ്ങളം റീച്ചിലെ മറ്റ് അടിപ്പാതകൾ, കൗപാസുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജുകൾ തുടങ്ങിയ
ആവശ്യങ്ങൾ സാങ്കേതിക വശം കൂടെ പരിശോധിച്ചു അനുഭവപൂർവം പരിഗണിക്കുമെന്ന് ബിജെപി നേതാക്കൾക്ക് ഉറപ്പു ലഭിച്ചു. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
















