
തിരുവനന്തപുരം: അന്തരിച്ച കണ്ണൂര്‍ മുന്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി വി.ഡി. സതീശന്‍
കൈമാറി. ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീന്‍ ബാബുവിന്റെ ഭാര്യ ഡി മഞ്ജുഷ, ആരോഗ്യമന്ത്രി കെ മുരളീധരന്‍, പഴകുളം മധു എംഎല്‍എ എന്നിവരും ഉത്തരവ് കൈമാറുന്ന സമയത്ത് എത്തിയിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിരഞ്ജനയ്ക്ക് യുഡിഎഫ്
സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കാന്‍ തീരുമാനിച്ചത്.
2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. ഈ കേസിൽ അന്വേഷണം സർക്കാർ സിബിഐക്ക് വിട്ടിരുന്നു.
















