തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി വി.ഡി.
സതീശന്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആളെ തനിക്ക് അറിയാമെങ്കിലും അയാള്‍ തന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് സോഷ്യല്‍ മീഡിയ ടീമോ അതിനൊരു കോര്‍ഡിനേറ്ററോ ഇല്ല. അറസ്റ്റിലായ രണ്ട് പേരെ തനിക്ക് അറിയാം. അതിലൊരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എംഡിഎംഎ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈന്, അബ്ദുള്‍ സലാം എന്നിവരെ
തനിക്ക് അറിയാമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഹുസൈന് നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ക്രൂരമായ പോലീസ് മര്‍ദനമേറ്റിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ ഇയാളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാണാന്‍ വീട്ടില്‍ വരാമെന്ന് വാക്ക് നല്‍കിയിരുന്നു. ഇതിന് പ്രകാരം അവിടെ പഞ്ചായത്തില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ആ വഴി ഇയാളേയും സന്ദര്‍ശിച്ചു. അതിന്റെ ചിത്രങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
















