
വടകര: ഗവണ്‍മെന്റ് സബ്സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇന്‍സ്റ്റലേഷനും ലഭിക്കുന്ന ബിഎസ്എന്‍എല്‍ ഭാരത് നെറ്റ് ഉദ്യമി (ബിഎന്‍യു) പദ്ധതിയുടെ ആനുകൂല്യങ്ങള്‍
ഗ്രാമീണ മേഖലകളിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കാന്‍ ബിഎസ്എന്‍എല്ലും കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളും ധാരണയായി.
എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ കണക്ഷനുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രാമ സഭകള്‍, വാര്‍ഡ് തല സാമൂഹ്യ മാധ്യമ സംവിധാനങ്ങള്‍, കുടുംബ ശ്രീ പരിപാടികള്‍, ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മറ്റു പരിപാടികള്‍ എന്നിവ വഴി വേദിയൊരുക്കാന്‍ തീരുമാനമായി.
പദ്ധതി പ്രകാരം 1 ജിബിപിഎസ് വരെ സ്പീഡുള്ള അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കും. പ്രതിമാസ വാടക മാത്രം അടച്ചാല്‍ മതി. മിതമായ മാസ വാടക നിരക്കില്‍
ഇന്റര്‍നെറ്റും സൗജന്യ ലാന്‍ഡ് ഫോണ്‍ സേവനവും ടിവി കണക്ഷനും നല്‍കപ്പെടുന്ന പദ്ധതി ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും സാധാരണക്കാരുടെ സാമ്പത്തികാസൂത്രണത്തിനും സഹായകമാവുമെന്ന് യോഗം വിലയിരുത്തി.
എംഎല്‍എയുടെ ആയഞ്ചേരിയിലെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ ആസ്യ, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ കെ, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണക്കുനി, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യന്‍കാവില്‍, ബിഎസ്എന്‍എല്‍ കോഴിക്കോട് ഡിജിഎം രാമചന്ദ്രന്‍.എസ്, എജിഎം, എസ്ഡിഇമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
















