വടകര: കാപ്പ പ്രകാരമുള്ള പ്രവേശന വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പന്‍പോയില്‍ സ്വദേശി ഷാജി
(42) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലയില്‍ നടന്ന പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്. കാപ്പ പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് റൂറല്‍ ജില്ലയിലെ ‘ഗ്രിപ്പ് ഗുണ്ട’ പട്ടികയില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. എട്ട്, ഒമ്പത് തീയതികളിലായി നടന്ന പ്രത്യേക കോമ്പിംഗ് ഓപ്പറേഷനില്‍ 3,262 വാഹനങ്ങള്‍ പരിശോധിക്കുകയും 210 ഹോട്ടല്‍, ലോഡ്ജ്, ഹോംസ്റ്റേകള്‍, 51 ബസ് സ്റ്റാന്‍ഡ്/റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. 14 കോടതി വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിനു പുറമെ 152 സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 50 പേരെ കരുതല്‍ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യുകയും ചെയ്തതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.















