വടകര: വടകര ബേബി ഹോസ്പിറ്റലില്‍ പ്രസവ ചികിത്സയിലിരിക്കെ ചോമ്പാല കല്ലാമല അഫീഫ മരണപ്പെട്ട സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന്
ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം. പ്രസവാനന്തരം ഗുരുതര രക്തസ്രാവമുണ്ടായിട്ടും അടിയന്തര ചികിത്സയിലും വിദഗ്ധ ഇടപെടലിലും കാലതാമസം സംഭവിച്ചുവെന്നും വിലപ്പെട്ട സമയം നഷ്ടപ്പെട്ട ശേഷമാണ് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതെന്നുമാണ് പരാതി. മരണപ്പെട്ട അഫീഫയുടെ കുടുംബത്തിന് നീതിയും സര്‍ക്കാര്‍ സഹായവും ഉറപ്പാക്കണമെന്നും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വകാര്യ ആശുപത്രികളിലെ പ്രസവചികിത്സാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പരിശോധനകളും പരിഷ്‌കാര നടപടികളും സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മരണത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ എന്നിവര്‍ക്ക് കെ.കെ.രമ എംഎല്‍എ, പാറക്കല്‍ അബ്ദുള്ള എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ പരാതി നല്‍കി. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉണ്ടാകുമെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ വേണ്ടിവന്നാല്‍ സമരം ഉള്‍പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ യു.എ.റഹീം, കണ്‍വീനര്‍ കെ.കെ.ജയചന്ദ്രന്‍, ട്രഷറര്‍ കെ.ടി.അബൂബക്കര്‍, എ.ടി.റഫീക്ക്, അഫീഫയുടെ സഹോദരന്മാരായ അനീസ് മുബാറക്ക്, അര്‍ഷാദ്മുബാറക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.















