ന്യൂഡല്‍ഹി: ബഹ്‌റൈന്‍ കേരള മേഖലയില്‍ എയര്‍ ഇന്ത്യ തുടര്‍ച്ചയായി സര്‍വീസുകള്‍ റദ്ദാക്കുന്നതിലൂടെ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന കടുത്ത ദുരിതത്തില്‍
അടിയന്തരമായി ഇടപെട്ട് ഷാഫി പറമ്പില്‍ എംപി. വിഷയത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിനെ ന്യൂഡല്‍ഹിയില്‍ നേരിട്ടുകണ്ടാണ് ഷാഫി പറമ്പില്‍ എംപി ശക്തമായ പ്രതിഷേധം അറിയിച്ചത്. ചികിത്സ, മക്കളുടെ വിദ്യാഭ്യാസ ആവശ്യം, മറ്റ് അടിയന്തര കുടുംബ ആവശ്യങ്ങള്‍ എന്നിവയ്ക്കായി നാട്ടിലെത്താനും മടങ്ങാനും ടിക്കറ്റെടുത്ത സാധാരണക്കാരായ പ്രവാസികളെ എയര്‍ ഇന്ത്യ വഞ്ചിക്കുകയാണെന്ന് എംപി കുറ്റപ്പെടുത്തി. കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വിസ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പ്രവാസികള്‍. മറ്റ് വിമാനക്കമ്പനികളില്‍ അവസാന നിമിഷം വലിയ തുക നല്‍കി ടിക്കറ്റെടുക്കാന്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് സാധിക്കില്ലെന്നും എംപി
കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മറ്റ് എയര്‍ലൈനുകള്‍ ഇതേ റൂട്ടില്‍ തടസ്സമില്ലാതെ സര്‍വീസ് നടത്തുമ്പോള്‍ എയര്‍ ഇന്ത്യ മാത്രം തുടര്‍ച്ചയായി സര്‍വീസുകള്‍ മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് എംപി ചൂണ്ടിക്കാട്ടി. ഓണം അടുത്തെത്തിനില്‍ക്കെ യാത്രാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍, മന്ത്രി നേരിട്ട് ഇടപെട്ട് എയര്‍ ഇന്ത്യയുടെ ബഹ്‌റൈന്‍ കേരള റൂട്ടിലെ സര്‍വീസുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. പ്രവാസികളുടെ ന്യായമായ ഈ ആവശ്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി.















