
ചോമ്പാല: അഴിയൂര്‍ കല്ലാമല സ്വദേശിനി അഫീഫ (34) പ്രസവാനന്തര ചികിത്സയ്ക്കിടെ മരണപ്പെട്ട സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി
ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനകീയ ആക്ഷന്‍ കമ്മിറ്റി രംഗത്ത്. കല്ലാമല മനാറുല്‍ ഹുദ മദ്രസയില്‍ ചേര്‍ന്ന വിപുലമായ യോഗം കമ്മിറ്റിക്ക് രൂപം നല്‍കി.
അഫീഫയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സംഭവത്തില്‍ ഉത്തരവാദികളായ ആശുപത്രി അധികൃതരെയും ബന്ധപ്പെട്ടവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നീതി ലഭ്യമാകുന്നതുവരെ ജനാധിപത്യപരവും സമാധാനപരവുമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു യോഗം പ്രഖ്യാപിച്ചു.
യു.എ. റഹീം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സിബി,
ചോമ്പാല ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീതി മോഹന്‍, അഴിയൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.ടി. അയ്യൂബ്, ആയിഷ ഉമ്മര്‍, ജനപ്രതിനിധികളായ ജാസ്മിന്‍ കല്ലേരി, വഫ ഫൈസല്‍, ജയചന്ദ്രന്‍ , സജീവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജാഫര്‍ പി.പി., ബാബു കുഞ്ഞിപ്പള്ളി, ബാബുരാജ്, പി.കെ. സുജിത്, പി.എം. അശോകന്‍, അന്‍വര്‍ ഹാജി, വി.പി. പ്രകാശന്‍, പ്രദീപ് ചോമ്പാല, ഫഹദ്, സമ്രാന്‍ എന്നിവര്‍ സംസാരിച്ചു. സഫീര്‍ കല്ലാമല സ്വാഗതവും ഇസ്മയില്‍ പി.പി. നന്ദിയും പറഞ്ഞു.
യു.എ. റഹീമിനെ ചെയര്‍മാനായും ജയചന്ദ്രനെ കണ്‍വീനറായും, കെ.ടി. അബൂബക്കറിനെ ട്രഷററായും തെരഞ്ഞെടുത്തു.
















