
വടകര: ഒഞ്ചിയം ഗവ. യുപി സ്‌കൂളില്‍ വി.കെ.സി വാക്റൂ ഫൗണ്ടേഷനും കോഴിക്കോട് ഡയറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന റൊബോട്ടിക് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം
വടകര എംഎല്‍എ കെ.കെ. രമ നിര്‍വഹിച്ചു. പ്രമുഖ പാദരക്ഷാ ബ്രാന്‍ഡായ വി.കെ.സി.ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ട്രസ്റ്റാണ് വി.കെ.സി വാക്റൂ ഫൗണ്ടേഷന്‍.
റൊബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിംഗ് തുടങ്ങി ആധുനിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ ഈ പദ്ധതി കുട്ടികള്‍ക്ക് വലിയ അവസരമൊരുക്കുമെന്ന് കെ.കെ. രമ പറഞ്ഞു. പ്രൈമറി തലം മുതല്‍ കുട്ടികളില്‍ ശാസ്ത്രാഭിരുചിയും സര്‍ഗാത്മക ചിന്തയും പ്രശ്‌നപരിഹാര ശേഷിയും വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കും. ഭാവിയില്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കടുക്കാനും മികച്ച തൊഴിലവസരങ്ങള്‍ സ്വന്തമാക്കാനും പദ്ധതി ശക്തമായ അടിത്തറ പാകുമെന്നും ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.യു.കെ. അബ്ദുള്‍ നാസര്‍, വാക്റൂ ഡി-ലീഡ് ഇന്റര്‍നാഷണല്‍ സിഎസ്ആര്‍ മേധാവി ഡോ. സുമിത്ര ബിനു എന്നിവര്‍ പദ്ധതി വിശദീകരണത്തില്‍
വ്യക്തമാക്കി.
ചടങ്ങില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട് അധ്യക്ഷത വഹിച്ചു. വി.കെ.സി വാക്റൂ ഫൗണ്ടേഷന്‍ വിദ്യാലയത്തിന് നല്‍കുന്ന റൊബോട്ടിക് കിറ്റും ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറും ചടങ്ങില്‍ കൈമാറി.
യുഎസ്എസ് വിജയികളായ ആത്മിക പി.കെ, ദേവിക ആര്‍, മികച്ച സേവനം കാഴ്ചവെച്ച മുന്‍ പി.ടി.എ ഭാരവാഹികള്‍, ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സര വിജയി ദേവ്ന എസ്. ജയേഷ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ എംഎല്‍എ വിതരണം ചെയ്തു. യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്റെ വിയോഗത്തില്‍ ബിജു മൂഴിക്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ കഴകപ്പുരയില്‍ വിശിഷ്ടാതിഥിയായി. പ്രധാനാധ്യാപകന്‍ ടി.വി.എ. ജലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അര്‍ജുന്‍ സി.പി (ഡി-ലീഡ് ഇന്റര്‍നാഷണല്‍), ജസീക്ക് (ഡി-ലീഡ് ഇന്റര്‍നാഷണല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), കരിപ്പാല്‍ ഭാസ്‌ക്കരന്‍, ഹരിദാസന്‍
കെ.കെ, ഹമീദ് എം.സി, അനൂപ്, പവിത്രന്‍ പി.കെ, വിനീഷ് സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.എ പ്രസിഡന്റ് രജീഷ് ആര്‍.കെ സ്വാഗതവും മദര്‍ പി.ടി.എ പ്രസിഡന്റ് രഹന എം.കെ നന്ദിയും പറഞ്ഞു.














