
വടകര: എംഡിഎംഎ ഇടപാടുകാരുടെ പണം വാങ്ങിയ കേസില്‍ പ്രതികളായ അധ്യാപികമാരായ കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോങ്കര സ്വദേശി കീര്‍ത്തന എന്നിവരെ
കൂടുതല്‍ ചോദ്യംചെയ്യാന്‍ പോലീസ്. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇവര്‍ക്ക് മയക്കുമരുന്ന് രംഗത്തെ വന്‍ തോക്കുകളുമായി ബന്ധമുണ്ടെന്ന സംശയം പോലീസിനുണ്ട്. കൂരാച്ചുണ്ട് ചെറുക്കാട് കാപ്പുമുക്ക് വീട്ടില്‍ കാവ്യയെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. ലഹരിക്കേസില്‍ നേരത്തേ അറസ്റ്റിലായ അധ്യാപിക കീര്‍ത്തനയാണ് കാവ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികമാരായ ഇവര്‍ രണ്ടാഴ്ചക്കിടെയാണ് പിടിയിലായത്. ജൂലൈ 11ന് അറസ്റ്റിലായ കീര്‍ത്തനയെ സര്‍വീസില്‍
നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാവ്യയെയും പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും എന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.
മയക്കുമരുന്ന് വാങ്ങാനെത്തുന്നവര്‍ ഇവരുടെ അക്കൗണ്ടുകളിലേക്ക് തവണകളായി പണം അയച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രധാനമായും കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് കൂടുതലായും ആവശ്യക്കാര്‍ പണം അയച്ചത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്ന് കാവ്യയിലേക്കും പണം പോയിട്ടുണ്ട്. ഇതിനു പുറമെ നേരിട്ടും കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ക്യൂആര്‍ കോഡ് സ്‌കാന്‍ചെയ്താണ് പണം അയച്ചത്. പണം നല്‍കുന്നവര്‍ക്ക് എവിടെയെത്തിയാല്‍ ലഹരികിട്ടും എന്നതിനുള്ള ലൊക്കേഷനും ഇവര്‍ അയച്ചു
കൊടുക്കും. ഇങ്ങനെ മികച്ച ആസൂത്രണത്തോടെയാണ് ഇവര്‍ ലഹരി ഇടപാട് നടത്തിയിരുന്നത്.
രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര ആവിക്കലിലെ സഫുവാന്‍ എന്നയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടും പരിശോധിച്ചപ്പോഴാണ് അന്വേഷണം ഈ യുവതികളിലേക്ക് എത്തിയത്. വടകര, കുറ്റ്യാടി, നാദാപുരം മേഖലയിലെ നിരവധി യുവാക്കളും വിദ്യാര്‍ഥികളും ഇവരുടെ ഇടപാടുകാരായുണ്ട് എന്ന സംശയത്തിലാണ് പോലീസ്. പണം നല്‍കിയവരെയും ലഹരി എത്തിച്ചുകൊടുത്തവരെയും കണ്ടെത്തേണ്ടതുണ്ട്. പിടിയിലായ കാവ്യയേയും കീര്‍ത്തനയേയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുന്നതോടെ ഇക്കാര്യം വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.
















