
കോഴിക്കോട്: നഗരമധ്യത്തില്‍ പാളയത്ത് വീട്ടിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയിലായതായി സൂചന. പുതിയ കോവിലകം പറമ്പ് നഗറില്‍ ബിജു
(38) കൊല്ലപ്പെട്ട കേസില്‍ മാങ്കാവ് സ്വദേശിയായ 22കാരനാണ് കസ്റ്റഡിയിലായത്.
പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മുന്‍പ് മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിജുവും ബന്ധുക്കളും ചേര്‍ന്നായിരുന്നു ബലമായി ആശുപത്രിയില്‍ കൊണ്ടുപോയത്. ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ കയ്യിലെ പരിക്കും സിസിടിവി ദൃശ്യങ്ങളുമാണ് നിര്‍ണായകമായത്. ബിജുവിന്റെ ഫോണും സ്‌കൂട്ടറിന്റെ താക്കോലും മുറിയുടെ താക്കോലും ഇയാള്‍
കൈക്കലാക്കിയിരുന്നു. ബിജുവിന്റെ മൃതദേഹം ഞായറാഴ്ച പാളയത്തെ തറവാട് വീട്ടിലെത്തിച്ചപ്പോഴും 22കാരന്‍ അവിടെയെത്തിയിരുന്നു. അന്ന് കൈകളിലും മറ്റും പരിക്കുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
തലയ്ക്ക് പിന്നിലും കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് ബിജുവിന്റെ മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ 45 മുറിവുകളും കഴുത്തിന് മുന്നിലും പിന്നിലുമായി 18 കുത്തുകളുമുണ്ട്. കറിക്കത്തി പോലുള്ള ആയുധം ഉപയോഗിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
















