വടകര: രണ്ട് പതിറ്റാണ്ടോളമായി ഏറാമല പഞ്ചായത്തിലും പരിസരത്തും നിരവധി കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകുന്ന ആശ്രയ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ
ചെയര്‍മാനും കുറ്റ്യാടി എംഎല്‍എയുമായ പാറക്കല്‍ അബ്ദുള്ളയ്ക്ക് ആശ്രയ പാലിയേറ്റീവ് ഓര്‍ക്കാട്ടേരിയില്‍ പ്രൗഢമായ സ്വീകരണം ഒരുക്കുന്നു. 18ാം തിയ്യതി ശനിയാഴ്ച വൈകുന്നേരം നാലിന് വി.കെ.കെ.നമ്പ്യാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കുന്ന സ്വീകരണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രീയ-സാമൂഹ്യ-ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പാറക്കല്‍ അബ്ദുള്ള, അകാലത്തില്‍ വിടപറഞ്ഞ തന്റെ സഹോദരന്റെ സ്മരണക്കായി ക്ലിനിക്കിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സംഭാവന നല്കി മാതൃകയായിരിക്കുകയാണ്. നിലവില്‍ ആശ്രയയ്ക്ക് സ്വന്തമായൊരു അത്യാധുനിക കെട്ടിടം പണിയാനുള്ള ഒരുക്കത്തിലാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും. യശശ്ശരീരനായ എ.പി.കുഞ്ഞിക്കണ്ണന്, ഡോക്ടര്‍ ടി.കുഞ്ഞമ്മദ് എന്നിവര്‍ക്കൊപ്പം പാറക്കല്‍ അബ്ദുള്ളയും ചേര്‍ന്ന് തുടക്കമിട്ട ആശ്രയ ഹെല്‍ത്ത് അസിസ്റ്റന്‍സ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ട്രസ്റ്റ് ഇന്ന് ഒട്ടനവധി കിടപ്പുരോഗികള്‍ക്ക് തണലേകുന്ന പ്രസ്ഥാനമാണ്. ഫിസിയോതെറാപ്പി യൂണിറ്റ്, ക്ലിനിക് ഒപി, മെഡിസിന്ഫുഡ് സപ്പോര്‍ട്ട്, മെന്റല്‍ ക്ലിനിക് എന്നിങ്ങനെ വിപുലമായ സേവനങ്ങളാണ് നടത്തിവരുന്നത്. കുറ്റ്യാടി മണ്ഡലത്തില്‍ നിന്നു രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാറക്കല്‍ അബ്ദുള്ളക്ക് നല്കുന്ന സ്വീകരണ ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.രമേശ് ബാബു, ആഘോഷക്കമ്മിറ്റി ഭാരവാഹികളായ പി.കെ.ജമാല്‍, ഒ.മഹേഷ്കുമാര്‍, എം.കെ.ചന്തു, എം.കെ.യൂസഫ് ഹാജി, പി.കെ.കുഞ്ഞമ്മദ് എന്നിവര്‍ പങ്കെടുത്തു.















