
തിരുവനന്തപുരം: മലയാളിയായ ഡോക്‌ടർ അനിൽ മേനോനടക്കം മൂന്ന് യാത്രികരുമായി സോയൂസ് എംഎസ് 29 പേടകത്തിന്റെ വിക്ഷേപണം ആരംഭിച്ചു. കൃത്യം 8.17ന്
കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്. ഇനിയുള്ള എട്ട് മാസം മൂന്ന് പേരും ബഹിരാകാശത്ത് തുടരും. ഇനി ഏപ്രിൽ മാസത്തിലാണ് ഇവർ മടങ്ങിവരിക. ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് 11 മണിയോടെ എത്തും. 11.26ന് നിലയവുമായി ഡോക്കിംഗ്. രാത്രി 1.25ഓടെ സംഘം നിലയത്തിൽ പ്രവേശിക്കും. പ്രോത് ദുബ്രോവും അന്ന കിക്കിനയുമാണ് അനിലിനൊപ്പമുള്ളത്. ഇതിൽ പ്രോത്
ദുബ്രോവാണ് മിഷൻ കമാൻഡർ.
ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനും എൻജിനിയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. പാതി മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ കോൺഗ്രസ് നേതാവുമായ സർ ചേറ്റൂർ
ശങ്കരൻനായരുടെ കുടുംബാംഗമാണ് അനിൽ. ഉക്രൈൻ സ്വദേശി എലിസബത്താണ് അനിൽ മേനോന്റെ മാതാവ്.
മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. പിന്നീട് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ സ്റ്റാൻഫോർഡിൽ നിന്ന് മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചു.
സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലു
കളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി.
ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി കൂടിയാണ് അനിൽ. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്.
















