വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നേതൃത്വം നല്കുന്ന ആക്ഷന്‍ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ വടകര ആര്‍ഡിഒ ഓഫീസിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ബുധനാഴ്ച തുടങ്ങും. രാവിലെ പത്തിന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപകര്‍ ഉള്‍പ്പെടെ നിരവധി പേര് സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്-ലീഗ്-ആര്‍എംപി സഖ്യം നേതൃത്വം കൊടുക്കുന്ന സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്തുക, ഇബ്രാഹിംകുട്ടി ഹാജിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരിക, മുഴുവന്‍ നിക്ഷേപകരുടേയും പണം തിരിച്ചു നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല സത്യഗ്രഹ സമരം. ബുധന്‍ രാവിലെ ഒമ്പതരക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രകടനമായി സമര വളണ്ടിയര്‍മാര്‍ ആര്‍ഡിഒ പരിസരത്ത് എത്തിച്ചേരും. ദിവസവും രാവിലെ പത്ത് മുതല്‍ അഞ്ച് വരെ ആര്‍ഡിഒ ഓഫീസിനു മുന്നില്‍ സമരം നടക്കും.















