വടകര: വടകര-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെയും യാത്രക്കാരനെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 22 മുതല്‍ വടകര
താലൂക്കില്‍ ബസ് സമരം. ഇതേ ആവശ്യം ഉന്നയിച്ച് ഇന്ന് വടകര-തലശ്ശേരി റൂട്ടില്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു. കഴിഞ്ഞ പത്തിനാണ് കുഞ്ഞിപ്പള്ളിയില്‍ വെച്ച് ഒരു കൂട്ടമാളുകള്‍ കണ്ടക്ടറെ ആക്രമിച്ചത്. അക്രമം മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനെയും മര്‍ദിച്ചു. കണ്ടക്ടര്‍ സജാദിനെയും യാത്രക്കാരനേയും ക്രൂരമായി ആക്രമിച്ച പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് ജൂലൈ 22 മുതല്‍ വടകര താലൂക്കില്‍ അനിശ്ചിത കാല പണിമുടക്കു നടത്താന്‍ തൊഴിലാളി യൂനിയന്‍ സംയുക്ത സമിതി തീരുമാനിച്ചത്. യോഗത്തില്‍ എം.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.സതീശന്‍, മടപ്പള്ളി മോഹനന്‍, അഡ്വ. ഇ.നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, കെ.പ്രകാശന്‍, പി.സജീവ് കുമാര്‍, മജീദ് അറക്കിലാട് എന്നിവര്‍ സംസാരിച്ചു.















