
ടെക്സസ്: ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഒന്നാം സെമിഫൈനലില്‍ ഇന്ന് രാത്രി (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30) വമ്പന്മാരായ ഫ്രാന്‍സും സ്പെയിനും
നേര്‍ക്കുനേര്‍ വരുന്നു. ടെക്സസിലെ ആര്‍ലിംഗ്ടണിലുള്ള പ്രശസ്തമായ എ ടി & ടി സ്റ്റേഡിയത്തിലാണ് ഈ സ്വപ്നതുല്യമായ പോരാട്ടം അരങ്ങേറുന്നത്.
ലൂയിസ് ഡി ലാ ഫുവെന്റെയുടെ കീഴില്‍ യുവത്വത്തിന്റെ കരുത്തുമായി സ്പെയിനും ഡിഡിയര്‍ ദെഷാംസിന്റെ തന്ത്രങ്ങളുമായി ഫ്രാന്‍സും പോരാടുമ്പോള്‍ കളിക്കളത്തില്‍ തീപാറും. ഫുട്ബോള്‍ പ്രേമികള്‍ക്ക് അവിസ്മരണീയ വിരുന്നാവും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ബെല്‍ജിയത്തെ 2-1 ന് പരാജയപ്പെടുത്തിയാണ് സ്പെയിന് സെമിയിലേക്ക് എത്തിയത്. ലാമിന് യമാല്‍, നികോ വില്യംസ് എന്നിവരുടെ വിംഗുകളിലൂടെയുള്ള വേഗതയേറിയ ആക്രമണങ്ങളും പെഡ്രിയുടെ മധ്യനിരയിലെ
തന്ത്രങ്ങളുമാണ് സ്പെയിനിന്റെ കരുത്ത്. ഒപ്പം പന്ത് കൈവശം വെച്ചുള്ള കളി അവര്‍ക്ക് മേല്‍ക്കൈ നല്കുന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ മൊറോക്കോയെ 2-0 ന് തകര്‍ത്താണ് ഫ്രാന്‍സ് സെമി ടിക്കറ്റ് എടുത്തത്. കിലിയന്‍ എംബാപ്പെയുടെ നായകത്വത്തിന് കീഴില്‍ കളി നിയന്ത്രിക്കാനുള്ള ഫ്രാന്‍സിന്റെ പരിചയസമ്പത്ത് തന്നെയാണ് അവരുടെ ഏറ്റവും വലിയ ആയുധം. മുന്നേറ്റനിരയില്‍ ഉസ്മാന് ഡെംബെലെ, മൈക്കിള്‍ ഒലിസ് എന്നിവരുടെ സാന്നിധ്യവും മധ്യനിരയില്‍ അഡ്രിയന്‍ റാബിയോട്ട് നല്കുന്ന പിന്തുണയും ഫ്രാന്‍സിനെ അപകടകാരികളാക്കുന്നു.
കഴിഞ്ഞ കുറച്ചുകാലമായി ഇരുടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ കടുത്തതായിരുന്നു:
യൂറോ 2024 സെമിഫൈനലില്‍ ഫ്രാന്‍സിനെ 2-1 ന് തോല്‍പ്പിച്ചാണ് സ്പെയിന്
ഫൈനലിലേക്ക് മുന്നേറിയത്. യുവേഫ നേഷന്‍സ് ലീഗ് 2025ന്റെ സെമിഫൈനലില്‍ ഒമ്പത് ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ സ്പെയിന് 5-4 എന്ന സ്കോറിനാണ് ഫ്രാന്‍സിനെ മറികടന്നത്.
അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ട് നിര്‍ണായക തോല്‍വികള്‍ക്കും ലോകവേദിയില്‍ വെച്ച് പകരം ചോദിക്കുക എന്ന ലക്ഷ്യം കൂടിയാവും ഫ്രാന്‍സിനുള്ളത്.
മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന സ്പെയിനും കൗണ്ടര്‍ അറ്റാക്കുകളിലൂടെ കളി മാറ്റാന്‍ കെല്‍പ്പുള്ള ഫ്രാന്‍സും തമ്മിലുള്ള തന്ത്രങ്ങളുടെ വലിയൊരു യുദ്ധത്തിനാകും ഇന്ന് ടെക്സസ് സാക്ഷ്യം വഹിക്കുക. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്-അര്‍ജന്റീന മത്സര വിജയികളെ നേരിടും.
















