അരൂര്‍: റോഡിലെ വാരിക്കുഴികള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ വിനയാകുന്നു. കുളങ്ങരത്ത്-അരൂര്‍-തീക്കുനി റോഡില്‍ പലേടത്തും വന്‍ കുഴികളാണ്
രൂപപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പേ പരിഷ്‌കരണ പ്രവൃത്തി തുടങ്ങിയതാണെങ്കിലും പൂര്‍ത്തിയാകാത്തതാണ് പ്രശ്‌നം. അറ്റകുറ്റപണികള്‍ കാര്യമായി നടക്കുന്നുമില്ല. ഡ്രെയിനേജ് നിര്‍മാണം തുടര്‍ച്ചയില്ലാതെ പല ഭാഗത്തുമായാണ് നടക്കുന്നത്. മഴയത്ത് റോഡില്‍ വെള്ളം പൊങ്ങി വാഹന ഗതാഗതം നിലക്കുന്നതിനാലാണ് അത്തരം ഭാഗത്ത് റോഡ് ഉയര്‍ത്താന്‍ തീരുമാനിച്ചത്. പക്ഷേ പ്രവൃത്തി ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. ഇടതടവില്ലാതെ വാഹന സര്‍വീസുള്ള റോഡില്‍ വെള്ളം ഉയരുന്നതോടെ രൂപപ്പെട്ട വന്‍ കുഴികളില്‍ വാഹനങ്ങള്‍ അകപ്പെടുകയാണ്. ദിനേന നിരവധി ബൈക്കുകളാണ് കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റുന്നത്. റോഡ് പണി നീളുന്നതിനാല്‍ കുഴികള്‍ പെട്ടെന്ന് നികത്തണമെന്നാണ് ആവശ്യം. ഉടന്‍ അറ്റകുറ്റപണി നടത്തുന്നില്ലെങ്കില്‍ ഓട്ടോ സര്‍വീസ് നിര്‍ത്തുമെന്ന് ഡ്രൈവര്‍മാര്‍ അറിയിച്ചു.















