
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍. ഇവര്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ
പദ്ധതികള്‍നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അവരുടേത് മികച്ച നിലവാരമുള്ള പ്രവൃത്തികളാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
കരാറുകളുടെ എസ്റ്റിമേറ്റ് തുകയില്‍ ഊരാളുങ്കലിന് അനുകൂലമായി വ്യത്യാസങ്ങള്‍ വരുത്തി നല്‍കിയെന്ന ആക്ഷേപവും മന്ത്രി തള്ളി. ക്രമവിരുദ്ധമായി ഒന്നും തന്നെ അവര്‍ക്ക് നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഊരാളുങ്കലിന് വഴിവിട്ട് കരാറുകള്‍ നല്‍കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. സഭയില്‍ വി.ടി. ബലറാം എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന്
മറുപടി നല്‍കവേയാണ് ഊരാളുങ്കലിന്റെ പ്രവര്‍ത്തന മികവിനെ മന്ത്രി പ്രശംസിച്ചത്. ഊരാളുങ്കലിന്റെ പ്രവൃത്തികള്‍ക്ക് മികച്ച നിലവാരമുള്ളതുകൊണ്ടാണ് എല്ലാവരും അവര്‍ക്ക് പിന്നാലെ പോകുന്നത്.
ഇത് കാരണം അവര്‍ക്ക് വര്‍ക്ക് ലോഡ് കൂടുതലാണ്. ഇതാണ് ഇപ്പോള്‍ കാണുന്ന ചില പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവൃത്തികള്‍ ഊരാളുങ്കലിന്റെ മാത്രം കുത്തകയായി മാറുന്നുവെന്ന നിരീക്ഷണമുണ്ടെന്ന് വി.ടി. ബലറാം ചൂണ്ടിക്കാണിച്ചു.
സൊസൈറ്റിയുടെ ഈ കുത്തകാവകാശം ഒഴിവാക്കുമോയെന്നും അവര്‍ക്ക് നല്‍കുന്ന
വര്‍ക്കുകള്‍ നിജപ്പെടുത്തുമോയെന്നും ബലറാം ചോദിച്ചു. വര്‍ക്കുകള്‍ നിജപ്പെടുത്തുന്ന കാര്യവും മുഖ്യമന്ത്രിയുമായി ആലോചിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മന്ത്രി പി.കെ. ബഷീര്‍ ഇതിന് മറുപടി നല്‍കിയത്.
വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഊരാളുങ്കലിനെ രഹസ്യമായി പോയി കാണുന്നു: വി.എന്‍.വാസവന്‍
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തില്‍ വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായെന്ന് മുന്‍
സഹകരണ മന്ത്രി വി എന്‍ വാസവന്‍. ലോകോത്തര നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഊരാളുങ്കല്‍ ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍, അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് പരിഹാസത്തോടെയാണ് കണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഊരാളുങ്കലിന് മികച്ച നിര്‍മാണ നിലവാരമുണ്ടെന്ന് യുഡിഎഫിന് മാറ്റിപ്പറയേണ്ടി വന്നതില്‍ സന്തോഷമുണ്ട്. സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണിത്. കഴിഞ്ഞ കാലങ്ങളില്‍ ഊരാളുങ്കലിനെതിരെ പരസ്യമായി വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ രഹസ്യമായി അവരെ പോയിക്കണ്ട് തങ്ങളുടെ മണ്ഡലങ്ങളിലെ വര്‍ക്കുകള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു’- വി എന്‍ വാസവന്‍ പറഞ്ഞു.
















