
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് അർജന്റീന മ
ത്സരം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ അർജന്റീന നോക്കൗട്ട് ഉറപ്പിച്ചു.
ഡാല്ലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീനയുടെ വിജയം. മത്സരത്തിന്റെ 38, 90+5 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോൾ നേട്ടം. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് പുറത്തേക്കടിച്ച് മെസി ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും 38-ാം മിനിറ്റില്‍ മെസി അവസരം
മുതലാക്കി. ഫകുണ്ടോ മെദീനയുടെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഗോളിലൂടെ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോള്‍) റെക്കോര്‍ഡ് മെസി തകര്‍ത്തു. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ (90+5′) കൗണ്ടര്‍ അറ്റാക്കിലൂടെ രണ്ടാം ഗോളും നേടി മെസി തന്റെ ആകെ ലോകകപ്പ് ഗോള്‍ നേട്ടം 18 ആയി ഉയര്‍ത്തി.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ഓസ്ട്രിയ കടുത്ത ആക്രമണങ്ങളാണ്
അഴിച്ചുവിട്ടത്. 55-ാം മിനിറ്റിൽ ഓസ്ട്രിയൻ താരം മാർസെൽ സബിറ്റ്സർ എടുത്ത മനോഹരമായ ഫ്രീ കിക്ക് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അസാധാരണ മികവോടെ തട്ടിയകറ്റി. 66-ാം മിനിറ്റിൽ സബിറ്റ്സറിന്റെ ക്രോസിൽ നിന്ന് ഗ്രിഗോറിഷ് തൊടുത്ത ഹെഡ്ഡർ നേരിയ വ്യത്യാസത്തിൽ പോസ്റ്റിന് മുകളിലൂടെ പുറത്തുപോയി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലഭിച്ച ഫ്രീ കിക്കിലൂടെ മെസിക്ക് ഹാട്രിക് നേടാൻ അവസരമുണ്ടായിരുന്നെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോവുകയായിരുന്നു. അൾജീരിയക്ക് പിന്നാലെ ഓസ്ട്രിയയെയും പരാജയപ്പെടുത്തിയ അർജന്റീന ഗ്രൂപ്പിൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.
















