
ഹൂസ്റ്റണ്‍: ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ സ്വീഡനെതിരെ നെതര്‍ലന്‍ഡ്സിന് വമ്പന്‍ വജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഡച്ച് പട സ്വീഡനെ തകര്‍ത്തെറിഞ്ഞത്. ഇരട്ട
ഗോളുകള്‍ നേടിയ ബ്രയാന്‍ ബ്രോബി, കോഡി ഗാക്‌പോ എന്നിവരുടെയും ക്രൈസന്‍സിയോ സമ്മര്‍വില്ലിന്റെയും ഗോളുകളാണ് നെതര്‍ലന്‍ഡ്സിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആന്റണി എലാങ്കയാണ് സ്വീഡന്റെ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ നെതര്‍ലന്‍ഡ്സ് തങ്ങളുടെ റൗണ്ട് ഓഫ് 32 സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി.
പ്രതിരോധവും ആക്രമണവും ഒരുപോലെ മികച്ചതാക്കിയ നെതര്‍ലന്‍ഡ്സിന് മുന്നില്‍ സ്വീഡിഷ് തന്ത്രങ്ങള്‍ ആദ്യ പകുതിയില്‍ തന്നെ വിലപ്പോയില്ല. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് തങ്ങളുടെ ആദ്യ വെടിപൊട്ടിച്ചു. ഡച്ച് സൂപ്പര്‍ താരം കോഡി
ഗാക്‌പോ ഇടതുവിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍കിയ മനോഹരമായ ക്രോസ് ലക്ഷ്യം തെറ്റാതെ ബ്രയാന്‍ ബ്രോബി വലയിലെത്തിക്കുകയായിരുന്നു. പതിനേഴാം മിനിറ്റില്‍ ഡെന്‍സല്‍ ഡംഫ്രീസിന്റെ ഊഴമായിരുന്നു. ഡംഫ്രീസ് നല്‍കിയ കൃത്യതയാര്‍ന്ന പാസ് സ്വീകരിച്ച ബ്രോബി ക്ലോസ് റേഞ്ച് ഫിനിഷിങ്ങിലൂടെ പന്ത് വീണ്ടും സ്വീഡിഷ് വലയിലാക്കി (20).
രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ സ്വീഡന്‍ ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി. വിക്ടര്‍ ഗ്യോകെറസും അലക്‌സാണ്ടര്‍ ഇസാക്കും യാസിന്‍ അയാരിയും ചേര്‍ന്ന് ഡച്ച് ഗോള്‍മുഖത്ത് തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. നിരവധി തവണ ഇവര്‍ നെതര്‍ലന്‍ഡ്സ് പ്രതിരോധം ഭേദിച്ചെങ്കിലും ഡച്ച് ഗോള്‍കീപ്പര്‍ ബാര്‍ട്ട് വെര്‍ബ്രൂഗന്‍ വന്മതിലായി നിലകൊണ്ടു.
രണ്ടാം പകുതി തുടങ്ങി നിമിഷങ്ങള്‍ക്കകം നെതര്‍ലന്‍ഡ്സ് വീണ്ടും പ്രഹരിച്ചു. 47-ാം
മിനിറ്റില്‍ ഡംഫ്രീസിന്റെ ക്രോസില്‍ നിന്ന് കോഡി ഗാക്‌പോ ഡച്ച് പടയുടെ മൂന്നാം ഗോള്‍ നേടി. തുടര്‍ന്ന് 54-ാം മിനിറ്റില്‍ ഗാക്‌പോ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ സ്വീഡന്‍ പൂര്‍ണമായും തകര്‍ന്നു. ക്രൈസന്‍സിയോ സമ്മര്‍വില്ലിന്റെ പാസില്‍ നിന്നായിരുന്നു ഗാക്‌പോയുടെ ഈ ഗോള്‍ (40).
58ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാക്കിന്റെ പാസില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ ആന്റണി എലാങ്ക സ്വീഡനായി ഒരു ഗോള്‍ മടക്കി (41). എന്നാല്‍ ഡച്ചുകാര്‍ ഗോള്‍വേട്ട അവസാനിപ്പിച്ചിരുന്നില്ല. 89-ാം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ അസിസ്റ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ക്രൈസന്‍സിയോ സമ്മര്‍വില്ലെ
നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോളും വലയിലാക്കി പട്ടിക പൂര്‍ത്തിയാക്കി.
റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാന്‍ ഈ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. വിജയത്തോടെ നെതര്‍ലന്‍ഡ്സിന്റെ നോക്കൗട്ട് സാധ്യതകള്‍ ശക്തമായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തുനീഷ്യയാണ് ഡച്ചുകാരുടെ എതിരാളികള്‍. മറുവശത്ത്, വലിയ തോല്‍വി വഴങ്ങിയ സ്വീഡന്റെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ തളച്ച ജപ്പാനുമായാണ് സ്വീഡന്റെ അടുത്ത കളി.
















