കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആര്.റോഷിപാല്‍ രചിച്ച ‘അവള്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ യാത്ര’ എന്ന പുസ്തകം പ്രകാശനം
ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് എന്‍.എസ്.മാധവന് ആണ് പുസ്തകം പ്രകാശനം ചെയ്തത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകന് റോഷിപാല്‍ നടത്തിയ അന്വേഷണ യാത്രയുടെ അനുഭവമാണ് അവള്‍ക്കൊപ്പം എന്ന പേരില്‍ പുസ്തകമായി പുറത്തിറക്കിയത്. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് എന്‍.എസ്.മാധവന് പ്രകാശനം ചെയ്തു. സമാനതകള്‍ ഇല്ലാത്ത കുറ്റകൃത്യമാണ് നടന്നതെന്നും സിനിമ മേഖലയില്‍ ഇത് ആദ്യത്തെത് അല്ലെന്നും പല അതിജീവിതമാരും നിശബ്ദരാക്കപ്പെട്ടതിന്റെ ധൈര്യമാണ് വീണ്ടും അക്രമണം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പുസ്തകം പ്രകാശനം ചെയ്ത് എന്‍.എസ്.മാധവന് പറഞ്ഞു. പുസ്തകത്തിന് ആശംസകള്‍ നേര്‍ന്ന് നടി ഭാവന ഓണ്‍ലൈനില്‍ സംസാരിച്ചു. പോരാട്ടത്തിനൊപ്പം താന്‍ ആത്മാര്‍ത്ഥമായി നിന്നെന്നും സത്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും പുസ്തകത്തിന്റെ രചയിതാവ് റോഷിപാല്‍ പറഞ്ഞു. ഭാഗ്യലക്ഷ്മി, ഫാ എമില്‍ പുള്ളിക്കാട്ടില്‍, റിപ്പോട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്, ഡിസി ബുക്സ് മേധാവി രവി ഡിസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.















