
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ്
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു.
കേരളത്തില്‍ രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തുന്നതിനും അന്തര്‍ സംസ്ഥാന യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നിനും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും. ടൂറിസ്റ്റ് ബസുകളില്‍ നിലവിലെ സീറ്റ് ഒന്നിന്
2000 രൂപ എന്ന നിരക്ക് 900 രൂപയായി കുറയ്ക്കും. സ്ലീപ്പര്‍ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായി കുറയ്ക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു.
ഇലക്ട്രിക് കാറുകള്‍ക്ക് വില കുറയുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. പത്ത് ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി നികുതി കുറച്ചു. 20 ലക്ഷം വരെ വില വരുന്ന വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനമായി നികുതി കുറച്ചു. ഇതോടെ ഇലക്ട്രിക് വാഹന വില്‍പനയില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















