
വടകര: കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണം വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്. വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം വന്നത് വടകര സ്ക്വാഡ് ഗ്രൂപ്പിലാണെന്നാണ്
പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി അന്വേഷണം നീങ്ങുന്നത്. ഗ്രൂപ്പിന്റെ അഡ്മിന്മാര് ഉള്‍പെടെ അഞ്ചു പേരെ ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ക്രൈബ്രാഞ്ച് ഡിവൈഎസ്പി ടി.മനോഹരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിര്‍ സ്ക്രീന്‍ഷോട്ട് ലഭിച്ചതും വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നായിരുന്നു. ഈ ഗ്രൂപ്പ് തന്നെയാണ് വ്യാജ
സ്ക്രീന്‍ഷോട്ടിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ക്രീന്‍ ഷോട്ട് ഗ്രൂപ്പിലിട്ട ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന് ഭാസ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ജിതിന് തന്നെയാണോ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത് വേറെ ആരെങ്കിലും ഇട്ടിരുന്നോ അതിന് ശേഷം ഗ്രൂപ്പില്‍ വന്ന സന്ദേശങ്ങള്‍ എന്തൊക്കെ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവരാണ് അഡ്മിന് പാനലില്‍ ഉള്ളത്. സ്ക്രീന്‍ ഷോട്ട് ആരാണ് നിര്‍മിച്ചത്? ആരുടെ നിര്‍ദേശപ്രകാരമാണ് എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
















