അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്തിലെ നൂറോളം പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പ് അരൂര്‍ ഫാമിലി
ഹെല്‍ത്ത് സെന്ററില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഠത്തില്‍ ഷംസു അധ്യക്ഷത വഹിച്ചു. ക്ഷേമ
കാര്യ സമിതി ചെയര്‍പേഴ്‌സണ്‍ അലിമത്ത് നീലഞ്ചേരി കണ്ടി, പഞ്ചായത്ത് മെമ്പര്‍ പി.എം.നാണു, ഡോ. പി.വി.ഇസ്മായില്‍, ലീബേഷ്, ബിജിന, മിനി, രേഷ്മ, ശില്പ, നന്ദി, സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉയര്‍ത്തുന്നതിനും രോഗികള്‍ക്ക് കൂടുതല്‍ കരുതലോടെയുള്ള സേവനം ഉറപ്പാക്കുന്നതിനുമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ സംഘടിപ്പിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തകന്‍ പുതിയോട്ടില്‍ അബ്ദുള്ളയും സ്റ്റാഫ് നേഴ്‌സ് ലീനയും ക്ലാസുകള്‍ നയിച്ചു. പരിശീലനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഫീല്‍ഡ് വര്‍ക്കും അവസാന ദിവസം പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണവും അവലോകനവും നടത്തും. ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ സുസ്ഥിരവും മനുഷ്യകേന്ദ്രീകൃതവുമായ ഇടപെടലുകള്‍ക്ക് ഈ പരിശീലന ക്യാമ്പ് പ്രചോദനമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.















